
Coca Cola in Kuwait: മറ്റ് രാജ്യങ്ങളില്‍ വിലക്ക്, കുവൈത്തില്‍ കൊക്ക കോള ഉപയോഗിക്കാമോ?
Coca Cola in Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ കൊക്ക കോള ഉത്പ്പന്നങ്ങള്‍ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കി. ഉയര്‍ന്ന ക്ലോറേറ്റ് അളവ് കാരണം കൊക്ക കോള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് കുവൈത്ത് അധികൃതരുടെ വിശദീകരണം. രാജ്യത്ത് ലഭ്യമായ കൊക്കകോള പാനീയങ്ങൾ തദ്ദേശീയമായി നിർമിക്കുന്നതിനാൽ കുവൈത്ത് വിപണിയിൽ ആരോഗ്യത്തിന് ഹാനികരമായ ഉത്പ്പന്നങ്ങൾ എത്തിയിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പുതിയ സംഭവവികാസങ്ങൾ പിന്തുടരുന്നത് തുടരുമെന്നും ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. അതേസമയം, ബെൽജിയത്തിലെ ഒരു പ്രൊഡക്ഷൻ പ്ലാൻ്റിൽ കുപ്പികളിലും ക്യാനുകളിലും ക്ലോറേറ്റ് എന്ന രാസവസ്തുവിൻ്റെ അളവ് സാധാരണയേക്കാൾ ഉയർന്ന അളവിൽ കണ്ടെത്തിയതിനെ തുടർന്ന് യൂറോപ്പിലെ ചില ശീതളപാനീയങ്ങൾ കൊക്കകോള തിരിച്ചുവിളിച്ചു. ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ് എന്നിവിടങ്ങളിൽ കൊക്ക കോള, ഫാൻ്റ, സ്പ്രൈറ്റ്, മിനിറ്റ് മൈഡ്, ഫ്യൂസ് ടീ എന്നിവയുടെ ബാച്ചുകൾ തിരിച്ചുവിളിച്ചതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചു. 328 GE മുതൽ 338 GE വരെയുള്ള പ്രൊഡക്ഷൻ കോഡുകളുള്ള പാനീയങ്ങളെയാണ് തിരിച്ചുവിളിക്കുന്നത്.
Comments (0)