
കുടുങ്ങിയേ… 15 ദിവസത്തിനുള്ളില്‍ എഐ ക്യാമറയില്‍ കണ്ടെത്തിയത്….
കുവൈത്ത് സിറ്റി: കുവൈത്തില്‍ 15 ദിവസത്തിനുള്ളില്‍ എഐ ക്യാമറയില്‍ പതിഞ്ഞത് 18,778 ലംഘനങ്ങള്‍. ഡ്രൈവർക്കും സഹയാത്രകര്‍ക്കും സീറ്റ് ബെൽറ്റ് ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് ട്രാഫിക് അവേർനെസ് ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ ഊന്നിപ്പറഞ്ഞു. ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്താനായാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 2024 ഡിസംബറിൽ 15 ദിവസങ്ങളിലായി മൊത്തം 18,778 നിയമലംഘനങ്ങൾ പകർത്തിയതായി ലെഫ്റ്റനൻ്റ് കേണൽ ബു ഹസ്സൻ വെളിപ്പെടുത്തി. ഇതിൽ 4,944 നിയമലംഘനങ്ങൾ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടതാണ്. 2023ലെ 296 മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 2024ൽ ട്രാഫിക് സംബന്ധമായ മരണങ്ങൾ കുറഞ്ഞിട്ടുണ്ട്. 284 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽഖുദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ തുടർച്ചയായ ശ്രമങ്ങളാണ് ഈ പോസിറ്റീവ് പ്രവണതയ്‌ക്ക് കാരണമെന്ന് ലെഫ്. കേണൽ ബു ഹസ്സൻ പറഞ്ഞു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടികളും പ്രവർത്തനങ്ങളും ഈ ശ്രമങ്ങളിൽ ഉൾപ്പെടുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് വാഹനാപകട മരണനിരക്ക് കുറയുന്നതിന് ഈ സംരംഭങ്ങൾ കാരണമായി.
Comments (0)