
CBSE Section Closure; കുവൈറ്റിലെ ഇന്ത്യൻ സിബിഎസ്ഇ സ്കൂൾ അട്ടച്ച് പൂട്ടലിൻ്റെ വക്കിൽ
കുവൈറ്റിലെ ഒരു ഇന്ത്യൻ സിബിഎസ്ഇ സ്കൂൾ അടച്ച് പൂട്ടുന്നതായി അറിയിച്ച് സ്കൂൾ അധികൃതർ. സംഭവത്തിൽ പ്രതിഷേധം അറിയിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്ത്. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സേവനം നൽകുന്ന അബ്ബാസിയയിലെ ഒരു ഇന്ത്യൻ സ്കൂളിലെ സിബിഎസ്ഇ വിഭാഗം ആണ് അടച്ചുപൂട്ടാൻ പദ്ധതിയിടുന്നത്. സിബിഎസ്ഇ വിഭാഗം അടച്ചുപൂട്ടാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് സ്കൂൾ ചെയർമാൻ അടുത്തിടെ രക്ഷിതാക്കൾക്ക് ഔദ്യോഗിക നോട്ടീസ് നൽകിയിരുന്നു. 2022 ൽ ആരംഭിച്ച വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് സിബിഎസ്ഇ അടച്ചുപൂട്ടൽ എന്ന് മാനേജ്മെന്റ് വിശദീകരിച്ചു. നിരവധി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കൊമ്ടുള്ള ഈ തീരുമാനത്തെ രക്ഷിതാക്കൾ ശക്തമായി എതിർക്കുന്നുണ്ട്. തുടർന്ന് ചില വിദ്യാർത്ഥികളെ സിബിഎസ്ഇ പാഠ്യപദ്ധതിയുള്ള അടുത്തുള്ള ഒരു സ്കൂളിലേക്ക് മാറ്റുമെന്ന് മാനേജ്മെന്റ് വാഗ്ദാനം ചെയ്തു. ഈ പരിഹാരത്തിന്റെ പ്രായോഗികതയെക്കുറിച്ച് മാതാപിതാക്കൾക്ക് സംശയമുണ്ട്. ഒമ്പത് വർഷം മുമ്പാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഇപ്പോൾ സിബിഎസ്ഇ വിഭാഗം അടച്ചുപൂട്ടാനൊരുങ്ങുമ്പോൾ, വിദ്യാഭ്യാസ ആവശ്യങ്ങളേക്കാൾ സാമ്പത്തിക ലാഭമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ചില മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ നീക്കം ഉടൻ തന്നെ മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റപ്പെടുന്ന വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മാതാപിതാക്കൾ പറയുന്നു. സിബിഎസ്ഇ പാഠ്യപദ്ധതി തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ എണ്ണം കുറവായത് കൊണ്ടാണ് അടച്ചുപൂട്ടൽ എന്ന് മാനേജ്മെന്റ് പറയുമ്പോൾ, അന്താരാഷ്ട്ര പാഠ്യപദ്ധതിയോടുള്ള മുൻഗണനയിലെ മാറ്റം ഒരു പ്രധാന ഘടകമാണെന്ന് ചില മാതാപിതാക്കൾ അഭിപ്രായപ്പെടുന്നു. തങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും പരിഹാരം തേടുന്നതിനുമുള്ള തുടർ നടപടികളുമായി മാതാപിതാക്കൾ മുന്നോട്ട് തന്നെയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments (0)