
58 ഇടങ്ങളിലേക്ക് വേനൽക്കാല സർവീസുമായി കുവൈത്ത് എയർവേസ്; കൂടുതലറിയാം
കുവൈത്ത് സിറ്റി: വേനലിൽ 58 ഇടങ്ങളിലേക്ക് സർവിസിനൊരുങ്ങി കുവൈത്ത് എയർവേസ്.
ജൂൺ മുതൽ സെപ്റ്റംബർ വരെ ഉയർന്ന ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനാലാണ് 58 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്താൻ കുവൈത്ത് എയർവേസ് ഒരുങ്ങുന്നത്. മറ്റൊരു പ്രത്യേകത ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ നൽകിയാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. സർവീസ് മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി. മോസ്കോയിലേക്ക് ജൂൺ ആറുമുതൽ ആഴ്ചയിൽ നാല് സർവിസ് നടത്തും. ജൂലൈ ഒന്നുമുതൽ ആഴ്ചയിൽ മൂന്ന് സർവിസുള്ള അലക്സാൻട്രിയയും ജൂലൈ രണ്ടുമുതൽ ആഴ്ചയിൽ രണ്ട് സർവിസുള്ള ലക്സറും വേനൽക്കാലത്തെ പുതിയ ലക്ഷ്യ കേന്ദ്രങ്ങളാണ്.
പുതിയ സ്ഥലങ്ങളിലേക്കും സർവിസ് നടത്തുമെന്ന് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
അന്റാലിയ, ബോഡ്രം സർവിസുകൾ ജൂൺ രണ്ടിന് ആരംഭിക്കും. ട്രബ്സൺ സർവിസ് ജൂൺ ഒന്നിനാണ് ആരംഭിക്കുന്നത്. ജൂൺ രണ്ടുമുതൽ സലാല സർവിസ് ആഴ്ചയിൽ നാലായി വർധിപ്പിക്കും. ജൂൺ ഒന്നുമുതൽ വിയന്നയിലേക്ക് ആഴ്ചയിൽ നാല് സർവിസും ജൂൺ ഒന്നുമുതൽ ക്വാലാലംപൂരിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസും നടത്തും. യൂറോപ്പിലേക്ക് യാത്രക്കാർ വർധിക്കുന്നത് പരിഗണിച്ച് കൂടുതൽ വലിയ വിമാനങ്ങൾ വിന്യസിക്കും.
Comments (0)