
Meat Prices in Kuwait: നടപടി കർശനമാക്കി; റമദാനിന് മുന്നോടിയായി കുവൈത്തിൽ മാംസ ഉത്പന്നങ്ങളുടെ വിലയിൽ മാറ്റം വരും
Meat Prices in Kuwait കുവൈത്ത് സിറ്റി: റമദാന് മുന്നോടിയായി മാംസ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില സ്ഥിരത കൈവരിക്കുമെന്ന് കുവൈത്ത്. മൊത്തക്കച്ചവട വിപണിയിലെ മാംസത്തിൻ്റെയും ഭക്ഷണത്തിൻ്റെയും വില സ്ഥിരതയുണ്ടെന്നും കന്നുകാലി വ്യാപാര, ഗതാഗത കമ്പനിയുടെ മാംസം സാധാരണ വിലയിൽ നൽകുന്നതിൽ തുടരുമെന്നും വാണിജ്യവ്യവസായ മന്ത്രാലയത്തിലെ വാണിജ്യനിയന്ത്രണവകുപ്പ് ഡയറക്ടർ ഫൈസൽ അൽ – അൻസാരി സ്ഥിരീകരിച്ചു. വാണിജ്യനിയന്ത്രണവകുപ്പിലെയും സാധനങ്ങളുടെ മേൽനോട്ടത്തിനും അവയുടെ വില നിശ്ചയിക്കുന്നതിനുമുള്ള സാങ്കേതിക അതോറിറ്റിയിൽ നിന്നുമുള്ള എമർജൻസി ടീം നടത്തിയ ആദ്യ പരിശോധനാ പര്യടനത്തെ തുടർന്ന് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അൽ അൻസാരി ഇക്കാര്യം അറിയിച്ചത്. മാംസം, ഭക്ഷണം, അടിസ്ഥാന സാധനങ്ങൾ എന്നിവയുടെ വില നിരീക്ഷിക്കുന്നതിനായി സംഘം ഷുവൈഖിലെ മൊത്തവ്യാപാര വിപണികൾ സന്ദർശിച്ചു. ഷുവൈഖ് മൊത്തവ്യാപാര വിപണിയിലെ മാംസത്തിൻ്റെയും അവശ്യസാധനങ്ങളുടെയും വില പരിശോധനാ സംഘം നിരീക്ഷിച്ചിട്ടുണ്ടെന്നും വില വർധിപ്പിക്കില്ലെന്ന് കമ്പനിയിൽ നിന്നും സ്റ്റോർ അധികൃതരിൽ നിന്നും ഉറപ്പ് വാങ്ങിയിരുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. റമദാനിലെ വിപണികളുടെ സന്നദ്ധത വിലയിരുത്തുന്നതിനായി വാണിജ്യ നിയന്ത്രണ വകുപ്പ് അടുത്തിടെ സാധനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും വില നിശ്ചയിക്കുന്നതിനുമുള്ള സാങ്കേതിക അതോറിറ്റിയുമായി ഒരു മീറ്റിങ് നടത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. വിശുദ്ധ മാസത്തിന് മുന്നോടിയായി സെൻട്രൽ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, ഇറച്ചി, ഈത്തപ്പഴ കടകൾ, റെസ്റ്റോറൻ്റുകൾ, മധുരപലഹാരങ്ങൾ, മില്ലുകൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പദ്ധതികളും മന്ത്രാലയം ചർച്ച ചെയ്തു.
Comments (0)