
Lulu UAE: ഇനി എവിടെ നോക്കിയാലും ‘ലുലു’; ഒപ്പം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളും
Lulu UAE അബുദാബി: യുഎഇയിലുടനീളം ഇനി എവിടെ നോക്കിയാലും ലുലുവിനെ കാണാനാകും. കൂടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരണങ്ങളും സൃഷ്ടിക്കുന്നു. യുഎഇയിലും സൗദിയിലും ലുലുവിന്‍റെ പുതിയ റീട്ടെയിൽ ശാഖകള്‍ ഉടന്‍ ആരംഭിക്കുകയാണ്. ആയിരക്കണക്കിന് ജീവനക്കാരെയാണ് വിവിധ പോസ്റ്റുകളിലേക്കായി ലുലു ക്ഷണിക്കുന്നത്. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്. യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിൽനിന്ന് നഗര പ്രാന്തപ്രദേശങ്ങളിലേക്ക് ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നതിനാലാണ് ആ പ്രദേശങ്ങൾ കണ്ടെത്തി ഹൈപ്പർമാർക്കറ്റും എക്സ്പ്രസ് സ്റ്റോറും ആരംഭിക്കാൻ പദ്ധതിയിടുന്നെന്ന് ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. വിദേശതൊഴിലാളികളുടെ വൻതോതിലുള്ള വരവാണ് ദുബായ്, അബുദാബി, ഷാർജ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ ക്രമാതീതമായി വർധിച്ചത്. നഗരങ്ങളിലെ ഡൗണ്‍ ടൗണുകളിലും സെൻട്രൽ ഡിസ്ട്രിക്ടുകളിലും ഉയർന്ന വാടകയാണ്. വാടകയെയും ഗതാഗതതിരക്കിനെയും മറികടക്കാൻ പല താമസക്കാരും പ്രാന്തപ്രദേശങ്ങളിലേക്ക് മാറാനാണ് ഇഷ്ടപ്പെടുന്നത്. അതിനാലാണ് പുതിയ ലുലു ശാഖകളും ഇവിടേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. യുഎഇയിലെ ജനസംഖ്യാ വർദ്ധനയോടെ ഗ്രൂപ്പിന് ഇവിടെ വളരാനുള്ള മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സൈഫി രൂപാവാല പറഞ്ഞു. യുഎഇയിൽ 30 പ്രോജക്ടുകൾ ചർച്ചയിലുണ്ടെന്നും എന്നാൽ ഇതുവരെ അന്തിമമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയും സൗദി അറേബ്യയുമാണ് റീട്ടെയിലർമാരുടെ ശ്രദ്ധാകേന്ദ്രമെന്ന് രൂപവാല വിശദീകരിച്ചു.
Comments (0)