Posted By ashly Posted On

Malayali Employment Scam in Kuwait: ‘രക്ഷിക്കണേ സർ, എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി’; കുവൈത്തില്‍ കുടുങ്ങിയ മലയാളി യുവതിയുടെ സന്ദേശം, ഒടുവില്‍…

Malayali Employment Scam in Kuwait കുവൈത്ത് സിറ്റി: “എന്നെ രക്ഷിക്കണേ സർ, ഞാൻ അവശയാണ്. മാനസികമായി സമനില തെറ്റിയ അവസ്ഥയിലാണ്. എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി. എന്നെ രക്ഷിക്കണേ… സാറേ.”- കുവൈത്തിലെ നരകയാതന താങ്ങാനാകാതെ കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി സുമംഗല ഏതാനും ദിവസം മുന്‍പ് അയച്ച സന്ദേശമാണിത്. ജനുവരി 30ന് രാത്രി സുമംഗല കുവൈത്തില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു. “സർ, ഞാൻ നാട്ടിലേക്കു പോകുകയാണ്. ഒരുപാട് നന്ദിയുണ്ട്…” കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലിരുന്ന് സുമംഗല അയച്ച ഈ ശബ്ദസന്ദേശത്തിലുണ്ട് ജീവൻ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസവും സന്തോഷവും. എന്നാല്‍, ചെയ്ത ജോലിക്കുള്ള ശമ്പളം തരാത്തതിലെ വേദനയും സുമംഗലയ്ക്കുണ്ട്. കുവൈത്തില്‍ തൊഴില്‍ തട്ടിപ്പിനിരയായ രണ്ട് മലയാളി യുവതികളിലൊരാളാണ് സുമംഗല. ‘ജനുവരി 30 ന് രാവിലെയാണ് വസ്ത്രം മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞില്ല. ഇനിയും വൈകിച്ചാൽ പ്രശ്നമാകുമെന്നും പെട്ടന്ന് തയാറാകാനും ആവശ്യപ്പെട്ടു. വസ്ത്രങ്ങളെല്ലാം അവിടത്തെ ജീവനക്കാർ തന്നെ ബാഗിൽ എടുത്തുവച്ചശേഷം എയർപോർട്ടിലേക്കാണെന്ന് അറിയിച്ചു. തുടർന്ന്, ഉച്ചയ്ക്ക് എയർപോർട്ടിൽ കൊണ്ടുവിടുകയായിരുന്നു. രണ്ട് മാസത്തെ ശമ്പളം ചോദിച്ചപ്പോൾ മറുപടിയുണ്ടായില്ല’, സുമംല പറഞ്ഞു.
നാട്ടിൽ എത്തിയശേഷം ശമ്പളകുടിശ്ശികയും നഷ്ടപരിഹാരവും ഈടാക്കി തരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് സുമംഗല. നാട്ടിൽ പോയി എതിരായി ഒന്നും പറയരുതെന്ന് പറഞ്ഞാണ് ഏജൻസി അയച്ചതെന്നും അവർ സൂചിപ്പിച്ചു. യുവതികൾ തമ്മിൽ പരസ്പരം ബന്ധപ്പെടാതിരിക്കാനായി ആലപ്പുഴ മുതുകുളം സ്വദേശിനിയെ മറ്റൊരു ഫ്ലാറ്റിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഇവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് സ്വദേശികളായ മറ്റു മൂന്നുപേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നെങ്കിലും ഇന്നലെ തിടുക്കപ്പെട്ട് ഇവരെ വ്യത്യസ്ത വീടുകളിലേക്ക് ജോലിക്ക് അയക്കുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *