
Visa Scam Kuwait: ശമ്പളവും ഭക്ഷണവും ഇല്ല, മുറിയില്‍ പൂട്ടിയിട്ടു, ദുരിതജീവിതത്തിന് അറുതി; മലയാളി യുവതികള്‍ കുവൈത്തില്‍നിന്ന് നാട്ടിലേക്ക്
Malayali Women Visa Scam Kuwait കുവൈത്ത് സിറ്റി: ദുരിത ജീവിതത്തില്‍നിന്ന് ഒടുവില്‍ അവര്‍ക്ക് വിരാമം. കുവൈത്തില്‍ ശമ്പളവും ഭക്ഷണവുമില്ലാതെ ഫ്ലാറ്റില്‍ പൂട്ടിയിട്ട നാല് മലയാളി യുവതികള്‍ നാട്ടില്‍ തിരിച്ചെത്തി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ദീപ അജികുമാര്‍, തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂര്‍ കാറ്റാടി സ്വദേശി ഇന്ദുമോള്‍ എന്നിവരാണ് നാട്ടില്‍ തിരികെയെത്തിയത്. റിക്രൂട്ടിങ് ഏജന്‍റ് മര്‍ദിച്ചതിനാല്‍ ദീപ അവശനിലയിലാണ്. ശുചീകരണ ജോലി വാഗ്ദാനം ചെയ്താണ് ഏജന്‍റുമാർ യുവതികളെ കുവൈത്തിൽ എത്തിച്ചത്. നാല് മാസത്തെ ശമ്പള കുടിശ്ശിക നല്‍കാതെയാണ് രഹസ്യമായി ഇവരെ നാട്ടിലേക്ക് അയച്ചത്. ശാരീരിക – മാനസിക പീഡനത്തിന് 10 ലക്ഷം രൂപ നഷ്ടുപരിഹാരം ആവശ്യപ്പെട്ട് റിക്രൂട്ടിങ് ഏജന്‍റുമാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോര്‍ക്കയ്ക്കും പരാതി നല്‍കുമെന്ന് ദീപയും ഇന്ദുമോളും പറഞ്ഞു. മോശം തൊഴില്‍ സാഹചര്യത്തെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ നാട്ടിലേക്ക് പോകാന്‍ രണ്ട് ലക്ഷം രൂപയാണ് റിക്രൂട്ടിങ് ഏജന്‍റ് ആവശ്യപ്പെട്ടത്. സ്വന്തം തീരുമാനം അനുസരിച്ചാണ് പോകുന്നതെന്നും ശമ്പള കുടിശ്ശികയോ പരാതിയോ ഇല്ലെന്ന് എഴുതി വാങ്ങുകയും ചെയ്താണ് ഇവര്‍ നാട്ടിലെത്തിയത്. ദീപയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്ന് നോര്‍ക്ക റൂട്സ് അറിയിച്ചു. ദീപയ്ക്ക് നിയമപരമായ പിന്തുണ നൽകുമെന്നും ശമ്പള കുടിശിക വീണ്ടെടുക്കാൻ ഇന്ത്യൻ എംബസി മുഖേന ശ്രമിക്കുമെന്നും നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരി പറഞ്ഞു. ദീപയുടെ രേഖാമൂലമുള്ള പരാതി ലഭിച്ചാലുടൻ സംസ്ഥാന സർക്കാർ മുഖേന കുവൈത്തിലെ ഇന്ത്യൻ എംബസിയെ അറിയിച്ച് നടപടികൾ സ്വീകരിക്കും. കേന്ദ്ര സർക്കാരിന്‍റെ മദദ് പോർട്ടൽ, പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്‍സ് വഴി പരാതിപ്പെടാനും പിന്തുണ നൽകുകയും പ്രവാസി ലീഗൽ സെല്ലിലെ നോർക്ക ലീഗൽ കൺസൽറ്റന്‍റുമായി കൂടിയാലോചിച്ച് നിയമപരിരക്ഷ ഉറപ്പാക്കുകയും ചെയ്യും. വിമൻസ് സെൽ മുഖേനയും നടപടി സ്വീകരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)