Posted By ashly Posted On

Newly Bride Suicide: കറുപ്പ് നിറം, ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല; മലപ്പുറത്ത് നവവധു ജീവനൊടുക്കി

Newly Bride Suicide മലപ്പുറം: നിരന്തരമായുള്ള അവഹേളനത്തില്‍ നവവധു ജീവനൊടുക്കി. മലപ്പുറം കൊണ്ടോട്ടി സ്വദേശി 19കാരിയായ ഷഹാന മുംതാസാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ (ജനുവരി 14, ചൊവ്വാഴ്ച) യാണ് ഷാഹനയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും കുടുംബത്തിനുമെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഷഹാനയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കറുപ്പ് നിറമാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് വിവാഹബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് അവഹേളിച്ചതാണ് ഷഹാനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 2024 മെയ് 27 ആയിരുന്നു വാഹിദുമായുളള ഷഹാനയുടെ നിക്കാഹ്. 20 ദിവസം ഒന്നിച്ചു കഴിഞ്ഞശേഷം വാഹിദ് ഗൾഫിലേക്ക് മടങ്ങി. പിന്നീടാണ് അബ്ദുൽ വാഹിദിന്‍റെ പെരുമാറ്റത്തിൽ അകല്‍ച്ചയും അനിഷ്ടവും ഷഹാനയ്ക്ക് പ്രകടമായത്. ബിരുദ വിദ്യാർഥിയായിരുന്ന ഷഹാന. പഠനനിലവാരം പിന്നോട്ടു പോയപ്പോള്‍ സുഹൃത്തുക്കളും അധ്യാപകരും ഷഹാനയോട് സംസാരിച്ചപ്പോഴാണ് തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ പങ്കുവച്ചത്. സുഹൃത്തുക്കളാണ് കുടുംബത്തെ വിവരം അറിയിച്ചത്. കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന് വാഹിദ് പരിഹസിച്ചിരുന്നു. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും ഷഹാനയെ പരിഹസിച്ചിട്ടുണ്ട്. സംഭവത്തില്‍ അബ്ദുൽ വാഹിദിനും കുടുംബത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *