
Marriage Fraud: യുവതിക്ക് കല്യാണം ആലോചനയുമായി എത്തിയത് വേ ടു നിക്കാഹ് വഴി, പ്രവാസി തട്ടിയത് 25 ലക്ഷം, സഹോദരിയായി എത്തിയത് ഭാര്യ
Marriage Fraud കൊച്ചി: മാട്രിമോണി ആപ്പ് വഴി കെണിയിലായി യുവതി. വേ ടു നിക്കാഹ് എന്ന മാട്രിമോണി ആപ്പ് വഴിയാണ് യുവതിയെ പരിചയപ്പെട്ട് പ്രവാസി യുവാവും ഭാര്യയും ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ, ഇയാളുടെ ഭാര്യ നിത അൻഷാദ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നൽകി യുവതിയുടെ 25 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. കേസിൽ നിലവില്‍ പ്രതി വിദേശത്താണ് ഉള്ളത്. ഭാര്യ നിത നിലവിൽ ഇടക്കാല ജാമ്യത്തിലാണ്. സെപ്തംബറിലാണ് കളമശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ പോലീസ് യുവാവിനെതിരെ കേസെടുത്തത്. പുനർ വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്ന സ്ത്രീകളെ ആൾമാറാട്ടം നടത്തി സാമ്പത്തികചൂഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. വ്യാജപേരിലും മേല്‍വിലാസത്തിലുമാണ് അൻഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിച്ചത്. താൻ വിവാഹ മോചിതനാണെന്ന് അൻഷാദ് യുവതിയെയും അമ്മയെയും പറഞ്ഞ് വിശ്വസിപ്പിച്ചു. അൻഷാദ് വിദേശത്തായതിനാൽ ഭാര്യ നിതയെ സഹോദരിയെന്ന് പറഞ്ഞ് പരിചയപ്പെടുത്തി നിതയും മറ്റൊരാളും കളമശ്ശേരിയിലെത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട്, തന്‍റെ ബിസിനസ് തകർന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാട്ടിൽ വരാൻ പറ്റില്ലെന്നും പറഞ്ഞു. കൂടാതെ, ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസയിടാൻ യുവാവ് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് 25 ലക്ഷം നല്‍കി. നാട്ടിൽ വരാൻ പറ്റാത്തത് കാരണം ദുബായ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയെന്നും ജയിലിലാണെന്നും ഇയാൾ യുവതിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ഈ സമയം അൻഷാദ് ഒന്നരമാസത്തെ അവധിക്ക് നാട്ടിൽ വന്നുപോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരിൽ തന്നിരുന്ന വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് കള്ളക്കളികള്‍ മനസിലായത്. അൻഷാദിന്‍റെ ഭാര്യയാണ് നിതയെന്നും ദമ്പതികൾക്ക് 7, 11 വയസുള്ള രണ്ട് പെൺമക്കളുണ്ടെന്നും യുവതി അറിഞ്ഞു. തുടർന്നാണ് പോലീസിൽ യുവതി പരാതി നൽകിയത്.
Comments (0)